For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ദക്ഷിണകന്നഡജില്ലയില്‍ 10 ദിവസത്തിനിടെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍  പ്രവീണ്‍ വധക്കേസില്‍ എന്‍ ഐ എ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ  കാസര്‍കോട് കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സി സി ടി വി ക്യമാറകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി

ദക്ഷിണകന്നഡജില്ലയില്‍ 10 ദിവസത്തിനിടെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍; പ്രവീണ്‍ വധക്കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ; കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സി.സി.ടി.വി ക്യമാറകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി

02:05 PM Jul 30, 2022 IST | UD Desk
Advertisement

ബംഗളൂരു: ദക്ഷിണ കന്നഡയിലെ സുള്ള്യ താലൂക്കില്‍പെട്ട ബെല്ലാരെയില്‍ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മൂന്ന് കൊലപാതകങ്ങളാണ് നടന്നതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ശക്തമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രവീണിന്റെ കൊലപാതകം ആസൂത്രിതവും അന്തര്‍സംസ്ഥാന പ്രശ്നവുമാണ്.
സംസ്ഥാന ഡയറക്ടര്‍ ജനറലുമായും ഇന്‍സ്പെക്ടര്‍ ജനറലുമായി വിഷയം ചര്‍ച്ച ചെയ്യുകയും എല്ലാ വിശദാംശങ്ങളും ശേഖരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം ഗൗരവത്തോടെയാണ് നടക്കുന്നത്. എല്ലാ വിശദാംശങ്ങളും ലഭിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതുമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ സെന്‍സിറ്റീവായ സ്ഥലങ്ങളിലും താല്‍ക്കാലിക പൊലീസ് ക്യാമ്പുകള്‍ തുറക്കും. പൊലീസ് സേനയില്‍ ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളും നികത്തുകയും രാത്രികാല പട്രോളിംഗ് ശക്തമാക്കുകയും ചെയ്യും. ദക്ഷിണ കന്നഡ ജില്ലയില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൂറത്ത്കലില്‍ നടന്ന കൊലപാതകവും ഗൗരവമായി കാണും. പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ജില്ലാതലത്തിലെ പ്രമുഖ മതനേതാക്കളെ ഉള്‍പ്പെടുത്തി സമാധാന യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ബൊമ്മൈ പറഞ്ഞു.
ബെല്ലാരെയില്‍ പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മടങ്ങിയ മുഖ്യമന്ത്രി തീരദേശ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. തീരദേശ ജില്ലകളില്‍ അക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരുമെന്നും കേരള അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന 55 റോഡുകളില്‍ കര്‍ശന നിരീക്ഷണം നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും ബൊമ്മൈ പറഞ്ഞു.

 

Advertisement

Advertisement