രാഷ്ട്രപതി തിരഞ്ഞെടുപ്പ്; പോളിംഗ് പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള പോളിംഗ് പുരോഗമിക്കുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ദ്രൗപദി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയുമാണ് മത്സരിക്കുന്നത്. പാര്‍ലമെന്റ് വളപ്പില്‍ അംഗങ്ങള്‍ക്ക് വോട്ട് ചെയ്യുന്നതിനായി പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരുന്നു. രാജ്യസഭാ സെക്രട്ടറി ജനറലിനെയാണ് തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറായി നിശ്ചയിച്ചിട്ടുള്ളത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് വോട്ടവകാശമുള്ളവര്‍ പാര്‍ലമെന്റ് അംഗങ്ങളും രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സംസ്ഥാന അസംബ്ലികളിലെയും നിശ്ചയിക്കപ്പെട്ട അംഗങ്ങളും മാത്രമാണ്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുപ്പിന് വോട്ടവകാശം ഉള്ളത് 776 പാര്‍ലമെന്റ് അംഗങ്ങള്‍ക്കും 4033 എം.എല്‍.എമാര്‍ക്കുമാണ്.
ഈ വര്‍ഷത്തെ വര്‍ഷകാല സമ്മേളനവും ഈ സമയത്ത് തന്നെ ആരംഭിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ വര്‍ഷത്തെ സമ്മേളനത്തില്‍ വളരെ സുപ്രധാനമായ ബില്ലുകള്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. കുടുംബ കോടതി ഭേദഗതി ബില്‍, വനം സംരക്ഷണ ഭേദഗതി ബില്‍, ആനുകാലികങ്ങളുടെ പ്രസ്സ്, രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ബില്‍ തുടങ്ങിയവയായിരിക്കും അവതരിപ്പിക്കുക.