രാഷ്ട്രകവി ഗോവിന്ദപൈ ജന്മദിനം 23ന് വിപുലമായി കൊണ്ടാടും
കാസര്‍കോട്: രാഷ്ട്രകവി ഗോവിന്ദപൈയുടെ ജന്മദിനം 23ന് മഞ്ചേശ്വരം കിളിവിണ്ടുവില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. അന്ന് കാസര്‍കോട്ടെ ബഹുഭാഷാ കവി സംഗമവും ‘ശൂദ്രശിവ’ നാടക പ്രദര്‍ശനവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. പ്രമുഖ യക്ഷഗാന കലാകാരനും എഴുത്തുകാരനും സാഹിത്യകാരനുമായ ഡോ. കെ. രമാനന്ദ ഭനാരിക്ക് രാഷ്ട്രകവി ഗോവിന്ദപൈ പുരസ്‌കാരം നല്‍കി ആദരിക്കും. പുരസ്‌കാര തുകയായി 50,000 രൂപയും പ്രശസ്തി ഫലകവും നല്‍കും. കര്‍ണാടക ബോര്‍ഡര്‍ ഏരിയാ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ സഹായത്തോടെയാണ് പരിപാടിസംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിക്കും. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. കര്‍ണാടക ബോര്‍ഡര്‍ ഏരിയാ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഡോ. സി. സോമശേഖര്‍ ഐ.എ.എസ് അവാര്‍ഡ് ദാനം നടത്തും. മുതിര്‍ന്ന നാടക കലാകാരന്‍ ശ്രീനിവാസ ജി കപ്പണ്ണ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജീന്‍ ലെവിനോ മൊന്തേരോ, സുന്ദരി ആര്‍. ഷെട്ടി, ആയിഷത്ത് താഹിറ, ഡോ. എ.എം. ശ്രീധരന്‍, മുഹമ്മദലി. കെ, കെ.ആര്‍. ജയാനന്ദ, ശിവപ്രകാശന്‍ നായര്‍. എം (ഫിനാന്‍സ് ഓഫീസര്‍), വാര്‍ഡ് മെമ്പര്‍ സുപ്രിയ ഷേണായ് തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി ഉമേഷ്. എം സാലിയാന്‍ അറിയിച്ചു.