ജി.വി.എച്ച്.എസ് മൊഗ്രാലില്‍ നടന്ന സര്‍ഗോത്സവം-2023 വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി
മൊഗ്രാല്‍: ആടിയും പാടിയും രണ്ടു പകലുകളും ഒരു രാത്രിയും സ്‌കൂളില്‍ തന്നെ താമസിച്ച് പ്രാഥമിക തലത്തിലെ വിദ്യാര്‍ത്ഥികള്‍ പുസ്തക താളുകള്‍ക്കപ്പുറത്തേക്ക് പഠനത്തെ കൊണ്ട് പോയി. പ്രകൃതിയുമായി ബന്ധിപ്പിച്ച് കൊണ്ടുള്ള ദ്വിദിന സഹവാസ ക്യാമ്പിന്റെ ആദ്യ സെഷന്‍ ആയ ഗണിതവിസ്മയം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ കൃഷ്ണദാസ് പലേരി രസകരമായ പ്രവര്‍ത്തനങ്ങളിലൂടെ ലളിതമായി അവതരിപ്പിച്ചു. ഒറിഗാമി എന്ന ജപനീസ് കടലാസ് പുഷ്പ നിര്‍മാണ കല സന്ദീപ് മാഷില്‍ നിന്ന് സ്വായത്തമാക്കിയ വിദ്യാര്‍ത്ഥികള്‍ അവര്‍ സ്വയം നിര്‍മിച്ച കലാരൂപങ്ങള്‍ കണ്ട് സന്തോഷം പൂണ്ടു. എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍ നാടന്‍ പാട്ടിന്റെയും നാടോടി നൃത്തത്തിന്റെയും ലോകത്തേക്ക് കുട്ടികളെക്കൊണ്ട് പോയപ്പോള്‍ അവര്‍ കടന്നു പോയത് അവിസ്മരണീയ അനുഭവങ്ങളിലൂടെയാണ്. എങ്ങനെ ആരോഗ്യമുള്ള ശരീരത്തെ നമുക്ക് വാര്‍ത്തെടുക്കാം എന്ന് ചടുലവും എന്നാല്‍ ലളിതവുമായ അഭ്യാസങ്ങളിലൂടെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അവതരിപ്പിച്ചു. മറ്റൊരു സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ നിര്‍മല്‍ കുമാര്‍ കാടകത്തിന്റെ നേതൃത്വത്തില്‍ നടന്ന വ്യക്തിത്വ വികസന ക്ലാസ് സ്വയം വിലയിരുത്താനും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനും ധൈര്യം പകര്‍ന്നു. ഗിരീഷ് തിരുമേനിയുടെ അഭിനയ കളരി പലരിലും ഒളിഞ്ഞു കിടന്ന ഭാവപ്രകടന കഴിവ് പുറത്ത് വരാന്‍ അവരെ സഹായിച്ചു. ഖദീജത്ത് സംസാദ് അവതരിപ്പിച്ച പ്ലേ ലേണ്‍ ആന്റ് ഗ്രോ ആംഗലേയ ഭാഷകളികളിലൂടെ ആര്‍ജിക്കാന്‍ അവസരമൊരുക്കി. സമാപന സമ്മേളനത്തില്‍ നാടിന്റെ മഹിതമായ ഇശല്‍ പാരമ്പര്യത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം മണ്മറഞ്ഞ മൊഗ്രാല്‍ കവികളുടെ ഗാനങ്ങള്‍ സ്വരമാധുരിയോടെ ആലപിച്ചു. ഗവേഷകനും ഗായകനുമായ യൂസഫ് കട്ടത്തടുക്ക സദസ്സിനെ കയ്യിലെടുത്തു. രസകരവും വിജ്ഞാന പ്രദവുമായ പരിപാടികള്‍ കൊണ്ട് സമൃദ്ധമായ രണ്ടു നാളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാമ്പ് ഡയറക്ടര്‍ വിജു മാഷ് നന്ദി പറഞ്ഞു. അധ്യാപകരായ ലത്തീഫ് മാഷ്, ഷിഹാബ് മാഷ്, അബ്ദുള്‍ സലാംമാഷ്, സൈനബ, നസീമ, ജിഷ, ഷബ്‌ന, ഹയറുന്നീസ, ജയശ്രീ, നുഹ്‌സീന, രഹ്ന, അജിന, റീജ, ഷീജ, ലയന എന്നിവര്‍ അവരവരുടെ ഡ്യൂട്ടികള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. പി.ടി.എ, എസ്.എം.സി ഭാരവാഹികളുടെ സാന്നിധ്യവും സഹകരണവും ക്യാമ്പിന് പുത്തന്‍ ഉണര്‍വേകി. പി.ടി.എ പ്രസിഡണ്ട് സിദ്ദിഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ സലാം, മാഹിന്‍ മാഷ്, ടി.കെ. അന്‍വര്‍, നിസാര്‍ പെര്‍വാഡ്, അബ്ദുള്ള കുഞ്ഞി, ജാഫര്‍ സാദിഖ്, മോഹനന്‍ മാഷ്, റഫീഖ് മാഷ്, റഷീദ ടീച്ചര്‍ സംസാരിച്ചു. പി.ടി.എ അംഗം മുഹമ്മദ് പേരാലിനെ പ്രവര്‍ത്തന മികവിന് പൊന്നാടയണിയിച്ച് ആദരിച്ചു.