For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
സതികമല ദേശസംസ്‌കൃതിയുടെ പുനരാഖ്യാനം

സതികമല:ദേശസംസ്‌കൃതിയുടെ പുനരാഖ്യാനം

04:47 PM Jun 11, 2022 IST | UD Desk
Advertisement

ഈയടുത്ത കാലത്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഒരു വിവര്‍ത്തിത നോവലാണ് ‘സതികമല’. 1921ല്‍ ശ്രീനിവാസ ഉപാധ്യായ പാണിയാഡിയാണ് തുളുഭാഷയില്‍ ഇതിന്റെ രചന നിര്‍വ്വഹിച്ചത്. മൂലകൃതി പ്രസിദ്ധീകരിച്ച് ഒരു നൂറ്റാണ്ടിന് ശേഷം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ കൃതി ശ്രദ്ധ പിടിച്ചുപറ്റാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. ഇന്നത്തെ കാസര്‍കോട് ജില്ലയും കര്‍ണ്ണാടകത്തിലെ മംഗലാപുരം, ഉഡുപ്പി ജില്ലകളും ചേര്‍ന്ന പ്രദേശമായിരുന്നു തുളുനാട് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. തുളുഭാഷയും സംസ്‌കാരവും പുലര്‍ത്തി പോന്നവരായിരുന്നു ഇവിടുത്തുകാര്‍. എന്നാല്‍ ലിപിയും സാഹിത്യവുമില്ലാത്ത ഭാഷ എന്ന് ഏറെക്കാലം മുദ്രകുത്തപ്പെട്ടു. തുളുഭാഷാ സ്‌നേഹികളുടെ നിരന്തര പരിശ്രമഫലമായി വെങ്കിട്ടരാജ പുണിഞ്ചിത്തായ തുളു ലിപി ഈയടുത്ത കാലത്ത് വീണ്ടെടുക്കുകയുണ്ടായി.
അധിനിവേശ ശക്തികളുടെ കാലാകാലങ്ങളിലൂടെയുള്ള തമസ്‌കരണത്തിന്റെ ഫലമായി പ്രാന്തവല്‍ക്കരിക്കപ്പെട്ടുപോയ ഒരു ഭാഷയെയും സാഹിത്യത്തെയും വീണ്ടെടുക്കാനുള്ള പരിശ്രമഫലത്തിന്റെ അടയാളപ്പെടുത്തലാണ് ‘സതികമല’ എന്ന നോവല്‍. ഡോ.എ.എം.ശ്രീധരനാണ് ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. മൂന്നു പതിറ്റാണ്ട് കാലമായി മലയാളത്തിനും തുളുഭാഷയ്ക്കും വേണ്ടി വിലമതിക്കാനാവാത്ത ഒട്ടേറെ സംഭാവനകള്‍ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നു. 2016-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട തുളുമലയാളം നിഘണ്ടു മലയാളത്തെ തുളുഭാഷയോടടുപ്പിക്കുമ്പോള്‍, തുളുപാരമ്പര്യവും വീണ്ടെടുപ്പും (2019) ദുജികെമ്മൈരാ(2019) തുടങ്ങിയ കൃതികള്‍ തുളു സാഹിത്യത്തിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്നു. ഈ ഗണത്തില്‍പ്പെടുത്താവുന്നുതും ഈയടുത്ത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്ത ഒരു കൃതിയാണ് ‘സതികമല’ എന്ന നോവല്‍.
ഒരു വിവര്‍ത്തിത കൃതി എന്ന നിലയില്‍ ഇതിന്റെ സവിശേഷതകള്‍ പരാമര്‍ശിക്കാതെ വയ്യ. മൂലകൃതിയുടെ കേവലമൊരു പരിചയപ്പെടുത്തലോ പദാനുപദ വിവര്‍ത്തനമോ അല്ല ഈ കൃതി. ഒരു സ്വതന്ത്ര വിവര്‍ത്തനത്തിന്റെ എല്ലാ മേന്‍മകളും ഈ കൃതി അലങ്കരിക്കുന്നുണ്ട്. ഭാഷയുടെ തെളിമയും അടക്കവും ഒതുക്കവും സര്‍ഗ്ഗാത്മകമായ പ്രവാഹവും സഹൃദയനെ ഈ കൃതിയിലേക്ക് ആകൃഷ്ടനാക്കുന്നു.
കേവലമൊരു പ്രണയകഥ എന്നതിലപ്പുറം ഒരു പ്രദേശത്തിന്റെ ചരിത്രവും ജനജീവിതവും സാംസ്‌കാരിക വിശേഷങ്ങളും അടയാളപ്പെടുത്തുന്ന ഈ നോവലിലെ കഥ നടക്കുന്നത് മദിരാശി, തുളുനാട്, ഹിമാലയം എന്നിവിടങ്ങളിലാണ്. 1921-ലാണ് ഇതിന്റെ രചന നിര്‍വഹിക്കപ്പെട്ടത് എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. മൂന്നു കൃതികളെ (തുളു, കന്നഡ, ഇംഗ്ലീഷ്) ഉപജീവിച്ചാണ് ഇതിന്റെ തര്‍ജ്ജമ നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളത്. മൂലകൃതിയുടെ കര്‍ത്താവായ എസ്.യു.പാണിയാഡി തുളുഭാഷയുടേയും സാഹിത്യത്തിന്റെയും വളര്‍ച്ചയില്‍ ഏറെ പണിപ്പെട്ട ആളാണ്. അതോടൊപ്പം തന്നെ ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പ്രവര്‍ത്തിച്ചുള്ള പരിചയവും അദ്ദേഹത്തിനുണ്ട്. 1927-ല്‍ ഗാന്ധിജി മംഗലാപുരം സന്ദര്‍ശിച്ചപ്പോഴും 1937-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു വന്നപ്പോഴും സംഘാടനത്തിന്റെ അമരക്കാരനായി പാണിയാഡി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദളിത് മോചനം, മദ്യവര്‍ജ്ജനം, ഖാദി പ്രചാരണം എന്നിവയിലൂന്നിയിട്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. 1930-ലെ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത അനുഭവവും ഇദ്ദേഹത്തിനുണ്ട്. ഇത്തരം ഉന്നതമായ ഭാഷാ, സ്വാതന്ത്ര്യ സമര, ദേശീയോദ്ഗ്രഥന പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കപ്പെട്ട ഒരു വ്യക്തിയുടെ രൂപപ്പെടല്‍ അദ്ദേഹം 1921-ല്‍ എഴുതിയ ‘സതികമല’യില്‍ നിന്നും നമുക്ക് വായിച്ചെടുക്കാം.
സതികമല കേവലം ഒരു വണ്‍വേ പ്രണയകഥയല്ല. പന്ത്രണ്ടധ്യായങ്ങളിലൂടെ വികസിക്കുന്ന ആദ്യ ഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഒരു സ്ത്രീലമ്പടനായ കഥാനായകന്റെ പ്രണയ ചാപല്യങ്ങളിലൂടെയുള്ള സഞ്ചാരം പോലെ നമുക്കനുഭവപ്പെടാം. എന്നാല്‍ പുസ്തകത്തിന്റെ പിന്‍ കുറിപ്പില്‍ വി.എസ്.അനില്‍ കുമാര്‍ സൂചിപ്പിച്ചപ്പോലെ ചിന്താംശവും കഥാംശവും നിറഞ്ഞ, ഒന്നു കൂടി വികസിപ്പിച്ച് പറഞ്ഞാല്‍ ആദ്യകാല ദേശീയ വിമോചന ചരിത്രമാണ് ഈ നോവല്‍ നമ്മോട് പങ്കുവയ്ക്കുന്നത്.
മദിരാശിക്ക് തൊട്ടടുത്തുള്ള ഒരു കടല്‍ക്കരയിലെ സാധാരണ സായാഹ്ന കാഴ്ചകളില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. കൂട്ടുകാരോടൊപ്പം സന്ദര്‍ശനത്തിനെത്തിയ കഥാനായകനും വിവാഹിതനുമായ നാരായണ അവിടെ കണ്ടുമുട്ടുന്ന കമല എന്ന വിധവ സ്ത്രീയെ പ്രണയിക്കുന്നു. അഭിഭാഷകനായ സുന്ദരറാവുവിന്റെ മകനായ ഉമേശറാവുവിന്റെ ഭാര്യയായിരുന്നു കമല. ദേശീയ പ്രസ്ഥാനത്തിലാകൃഷ്ടനായ അയാള്‍ സ്വയം രാജ്യസേവനത്തിനായി യാത്ര തിരിക്കുന്നു. ഒരു ദിവസം പത്രത്തില്‍ വന്ന വാര്‍ത്തയില്‍ ഉമേശന്‍ ആ മാസം മൂന്നിന് അത്മഹത്യ ചെയ്തു എന്ന വിവരം ഉണ്ടായിരുന്നു. മജപുര ബോംബാക്രമണകേസില്‍ പങ്കാളിയായ അയാള്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ പുഴയില്‍ ചാടി മരിക്കുകയായിരുന്നു എന്നാണ് അവര്‍ക്ക് ലഭിച്ച വിവരം. തുടര്‍ന്ന് ഏകാന്തയും വിധവയുമായ കമല തുടര്‍പഠനത്തിനായി മദിരാശിയില്‍ പോയതായിരുന്നു. നാരായണന് തന്നോടുള്ള പ്രണയം ഒട്ടും ഇഷ്ടമല്ലെങ്കിലും ഇക്കാര്യം അവള്‍ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഫൈനല്‍ പരീക്ഷ കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് പോകുമ്പോള്‍ അവള്‍ക്കുള്ള ടിക്കറ്റ് കൂടിയെടുത്ത് നാരായണ ഒരേ കമ്പാര്‍ട്ട്‌മെന്റില്‍ നാട്ടിലേക്ക് യാത്രതിരിക്കുന്നു. വണ്ടിയില്‍ വച്ച് വിവാഹാഭ്യര്‍ത്ഥന നടത്തുന്നു. വിവാഹിതനായ നിങ്ങള്‍ ഭാര്യയോട് വഞ്ചന കാട്ടുകയല്ലേ എന്ന അവളുടെ ചോദ്യം സ്വന്തം ഭാര്യയെ വിഷം കൊടുത്ത് കൊല്ലുന്നതിലേക്ക് പിന്നീട് നാരായണനെ നയിക്കുന്നു. തുടര്‍ന്ന് വീണ്ടും വിവാഹാഭ്യര്‍ത്ഥനയുമായി കമലയുടെ വീട്ടിലെത്തിയ അയാള്‍ അവളോട് അപമര്യാദയായി പെരുമാറിയപ്പോള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നു. ആകെ അസ്വസ്ഥയും ദു:ഖിതയുമായ കമല അമ്മാവനായ സുന്ദര റാവുവിന് ഒരു കത്തെഴുതിവച്ച് നാടു വിടുന്നു.
പിന്നീട് നാം കമലയെ കാണുന്നത് ഹിമവല്‍ സാനുക്കളിലെ ഗംഗാനദിക്കരയിലാണ്. സന്യാസിനിയായി മാറിയ അവള്‍ ഒരു മൂകാശ്രമത്തെക്കുറിച്ച് കേട്ടറിഞ്ഞ് അവിടെയെത്തുന്നു. അവിടെവെച്ച് കണ്ടുമുട്ടിയ മൂകസന്യാസി തന്റെ ഉമേശനാണെന്ന് തിരിച്ചറിയുകയും അയാളോടൊപ്പം നാട്ടിലേക്ക് തിരിക്കുകയും ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു.
വായനാരംഭത്തില്‍ ഒരു കാല്‍പനിക പ്രണയകഥ പോലെ അനുഭവപ്പെടാമെങ്കിലും ആഴത്തില്‍ ഈ നോവലിനെ വലയിരുത്തുമ്പോള്‍ മാതൃഭാഷാസ്‌നേഹം, സ്വാതന്ത്ര്യസമരം, ഗാന്ധിജി, വിദേശ വസ്ത്ര ബഹിഷ്‌കരണം, പ്രണയം, വിവാഹ ജീവിതം, സ്ത്രീപുരുഷ സമത്വം, ഖാദിസ്‌നേഹം എന്നിങ്ങനെ പലവിധ പ്രസക്ത വിഷയങ്ങള്‍ ഈ നോവല്‍ ചര്‍ച്ചചെയ്യുന്നുവെന്ന് കാണാം.
ഏത് അത്യാന്താധുനിക കൃതികളോടും കിടപിടിക്കുന്ന ഈ വിവര്‍ത്തന രീതിശാസ്ത്രമാണ് ഈ കൃതിയെ മറ്റ് വിവര്‍ത്തിത കൃതികളില്‍ നിന്നും വേറിട്ടതാക്കുന്നത്.
കൂടാതെ അവിടവിടെ പ്രത്യക്ഷപ്പെടുന്ന സവിശേഷ പദങ്ങള്‍, പ്രയോഗങ്ങള്‍, ചൊല്ലുകള്‍, സാദൃശ്യപ്പെടുത്തലുകള്‍ എന്നിവ നോവലിന്റെ വൈശിഷ്ട്യം ബോധ്യപ്പെടുത്തുന്നു.

-ഡോ.ജയരാജന്‍ കാനാട്

Advertisement

 

Advertisement