മൊഗ്രാല്‍പുത്തൂരില്‍ തെരുവ്‌നായ ശല്യം രൂക്ഷം; കൂട് പൊളിച്ച് നാല് ആടുകളെ കടിച്ചുകൊന്നു
കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ തെരുവ്‌നായ ശല്യം രൂക്ഷം. കൂട് പൊളിച്ച് നാല് ആടുകളെ കടിച്ച് കൊന്നു. അറഫാത്ത് നഗറിലെ മടിക്കേരി ഹനീഫിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഗര്‍ഭിണിയായ ആടും കുഞ്ഞാടുമടക്കം നാല് ആടുകളെയാണ് ഇന്ന് പുലര്‍ച്ചെ തെരുവ്‌നായ കൂട്ടം കടിച്ചുകൊന്നത്. ഏതാനും മാസങ്ങളായി ഈ ഭാഗങ്ങളില്‍ തെരുവ്‌നായ ശല്യം രൂക്ഷമാണ്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്കും മദ്രസയിലേക്കും പോകുന്നത് വളരെ ഭീതിയോടെയാണ്. ജില്ലയില്‍ തെരുവ്‌നായ ശല്യം അതിരൂക്ഷമായിട്ടും അതിനെ തടയാന്‍ സംവിധാനങ്ങളില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്. നേരത്തെ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും കൈക്കോര്‍ത്ത് നടപ്പിലാക്കിയിരുന്ന എ.ബി.സി പദ്ധതി ഒരു പരിധി വരെ തെരുവ്‌നായ ശല്യം കുറച്ചിരുന്നു. എന്നാല്‍ തെരുവ്‌നായകളെ പിടിച്ചിരുന്ന വണ്ടി ഇപ്പോള്‍ ഷെഡിലാണ്. തെരുവ്‌നായകളെ പിടിച്ചിരുന്ന ഏജന്‍സിയുടെ കരാറും അവസാനിച്ചു. പുതുതായി കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരം വേണമെന്നാണ് ഹൈക്കോടതി വിധി. അംഗീകൃത ഏജന്‍സികള്‍ നിലവില്‍ ജില്ലയില്‍ ഇല്ല. തെരുവ്‌നായ ശല്യം തടയാന്‍ അടിയന്തിര നടപടി വേണമെന്ന് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സമീറ ഫൈസല്‍ കഴിഞ്ഞ ഡി.പി.സി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. തെരുവ്‌നായകളുടെ വിളയാട്ടം രൂക്ഷമായതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.