For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കുമ്പള ദേശീയപാതയോരത്തെ ഈന്തപ്പന ഇനി മധുരോര്‍മ്മ

കുമ്പള ദേശീയപാതയോരത്തെ ഈന്തപ്പന ഇനി മധുരോര്‍മ്മ

06:54 PM Jun 08, 2022 IST | UD Desk
Advertisement

കുമ്പള: കാല്‍ നൂറ്റാണ്ടോളം കാലം കുമ്പള ദേശിയപാതയോരത്ത് കൗതുകം പകര്‍ന്ന് തലയെടുപ്പോടെ നിന്നിരുന്ന ഈന്തപ്പന ഇനി ഓര്‍മ്മ. ദേശിയപാത വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെട്ട ചരിത്ര സ്മാരകങ്ങളുടെ പട്ടികയില്‍ ഈന്തപ്പഴ മരവും സ്ഥാനം പിടിച്ചു. ഇന്നലെ ക്രെയിന്‍ ഉപയോഗിച്ച് ഈന്തപ്പനയെ വേരോടെ പിഴുതെടുത്ത് ലോറിയില്‍ കയറ്റുമ്പോള്‍ പലരും കണ്ണീരോടെയാണ് നോക്കി നിന്നത്. അറബ് രാജ്യങ്ങളില്‍ കണ്ടു വരുന്ന ഈന്തപ്പന 25 വര്‍ഷം മുമ്പാണ് കുമ്പള പാലത്തിന് സമീപത്തായി മുളച്ച് വളര്‍ന്നത്. തുടക്കത്തില്‍ ആരും അത്ര ശ്രദ്ധിച്ചിരുന്നില്ല. പത്ത് വര്‍ഷത്തിന് ശേഷം ഈന്തപ്പഴം കായ്ക്കാന്‍ തുടങ്ങിയതോടെയാണ് മരം പലരുടെയും ശ്രദ്ധയില്‍പ്പെടുന്നത്. ഇത് യഥാര്‍ത്ഥ ഈന്തപ്പഴം അല്ലെന്നായിരുന്നു പലരും തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ഈന്തപ്പഴം പഴുത്തു തുടങ്ങുകയും പലരും ഇത് കഴിക്കുകയും ചെയ്തതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം കണ്ടു വരുന്ന ഈന്തപ്പഴം ആണെന്ന് തിരിച്ചറിഞ്ഞത്. പല പ്രമുഖ ചാനലുകളിലും പത്രങ്ങളിലും ഈന്തപ്പന വലിയ പ്രാധാന്യത്തോടെ വാര്‍ത്തയായി. ദീര്‍ഘദൂര യാത്രക്കാരടക്കം ഇവിടെ വാഹനം നിര്‍ത്തി ഈന്തപ്പഴം പറിച്ചു കൊണ്ടു പോയി. പഴം കായ്ക്കുന്ന വേളകളില്‍ പലരും ഇവിടെ എത്തി ഫോട്ടോ പകര്‍ത്തുന്നതും പതിവായി. കന്നഡ സിനിമയിലെയും ആല്‍ബങ്ങളിലെയും ഗാനങ്ങള്‍ക്കും ഈന്തപ്പന പശ്ചാത്തല ഭംഗി ഒരുക്കി. ദേശിയപാത വികസിപ്പിക്കുമ്പോള്‍ ഈന്തപ്പനയ്ക്ക് കോടാലി വീഴുമെന്ന് എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മരം നീക്കം ചെയ്യാതെ പുതിയ ആറ് വരി പാതയുടെ മധ്യത്തിലുള്ള ഡിവൈഡറില്‍ മരത്തെ നിലനിര്‍ത്താനായിരുന്നു അധികൃതര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ വേരു മുളച്ച് റോഡ് തകരാന്‍ സാധ്യതയുള്ളതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവത്രെ. ഈന്തപ്പന അങ്ങിനെത്തന്നെ ആവശ്യപ്പെട്ട് പല വ്യവസായികളും സീരിയല്‍ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഈന്തപ്പന വെട്ടാതെ സംരക്ഷിണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്‍കുമെന്ന് കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് പല സംഘടനകളും നിവേദനം നല്‍കിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഈന്തപ്പന വേരോടെ പിഴുതെടുത്ത് ലോറിയില്‍ കയറ്റിയത്. കാസര്‍കോട് ഭാഗത്തേക്ക് എത്തിക്കാനായിരുന്നു നിര്‍ദേശം എന്നാണ് ലോറി ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ ഈന്തപ്പനയെ എന്ത് ചെയ്യുമെന്ന് വ്യക്തമല്ല.

Advertisement
Advertisement