For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
പാലവും റോഡുമില്ലാത്ത നാട്ടില്‍ മൃതദേഹം വീട്ടിലെത്തിച്ചത് ഒരു കിലോമീറ്ററോളം ചുമന്ന്

പാലവും റോഡുമില്ലാത്ത നാട്ടില്‍ മൃതദേഹം വീട്ടിലെത്തിച്ചത് ഒരു കിലോമീറ്ററോളം ചുമന്ന്

04:12 PM Jul 19, 2022 IST | UD Desk
Advertisement

കാഞ്ഞങ്ങാട്: പാലവും റോഡുമില്ലാത്ത നാട്ടില്‍ മൃതദേഹം വീട്ടിലെത്തിച്ചത് ഒരു കിലോമീറ്ററോളം ചുമന്ന്. പനത്തടി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ പെരുതടി പുളിംകൊച്ചിയിലാണ് നാടിനു നാണക്കേടുണ്ടാക്കിയ സംഭവം. മഞ്ചേശ്വരത്തെ ഇലക്ട്രിസിറ്റി അസി. എന്‍ജിനിയര്‍ പി.ഐ ഗോപാലന്റെ മൃതദേഹമാണ് ചുമന്നു വീട്ടിലെത്തിക്കേണ്ട അവസ്ഥയുണ്ടായത്. കാസര്‍കോട് താമസിക്കുന്ന ഗോപാലന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. പുളിംകൊച്ചി സ്വദേശിയാണ്.
പാലവും റോഡുമില്ലാത്തതിനാല്‍ പെരുതടിയില്‍ നിന്നും പുളിംകൊച്ചിയിലേക്കുള്ള യാത്ര ദുഷ്‌കരമാണ്. നാട്ടുകാരുണ്ടാക്കിയ നടപ്പാലത്തിലൂടെയാണ് യാത്ര.
പാലം കടന്നാല്‍ വാഹനങ്ങള്‍ പോകാന്‍ റോഡുമില്ല. റോഡും പാലവും വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാകുമ്പോഴാണ് സൗകര്യങ്ങളില്ലാത്തതിനാല്‍ മൃതദേഹം ചുമന്നു നടക്കേണ്ടി വന്നത്.
ഗതാഗത സൗകര്യമില്ലെന്ന പരാതിയെതുടര്‍ന്ന് അന്വേഷിക്കാന്‍ സബ് കലക്ടര്‍ ഡി.ആര്‍ മേഘശ്രീ നേരത്തെ സ്ഥലം സന്ദര്‍ശിച്ചിരുന്നുവെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പെരുതടി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് പാലവും കടന്ന് മൃതദേഹവുമായി നാട്ടുകാര്‍ വീട്ടിലെത്തിയത്.
ഈ അവസ്ഥ കണ്ടെങ്കിലും അധികൃതര്‍ കണ്ണു തുറക്കുമോയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ഐത്തപ്പു നായക്ക് – കമലാക്ഷി ദമ്പതികളുടെ മകനാണ് ഗോപാലന്‍. ഭാര്യ: ശോഭ. മക്കള്‍: അശ്വിന്‍, അശ്വിത്, അക്ഷിത്. സഹോദരങ്ങള്‍ ശോഭന, ശാരദ, ഹേമലത.

Advertisement
Advertisement