നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന മഠത്തില്‍ സ്‌കൂളിന് സ്ഥലം വിട്ടുനല്‍കി കടവത്ത് കുടുംബം
ഒറവങ്കര: 1923ല്‍ ഒറവങ്കരയില്‍ കടവത്ത് അഹമ്മദ് ഹാജി സ്ഥാപിച്ച ജി.എല്‍.പി സ്‌കൂള്‍ കളനാട് ഓള്‍ഡ് എന്ന മഠത്തില്‍ സ്‌കൂളിന്റെ പുനര്‍ നിര്‍മാണത്തിലേക്ക് സ്‌കൂള്‍ നിലനില്‍ക്കുന്ന സ്ഥലം സര്‍ക്കാരിലേക്ക് വിട്ടുകൊടുത്ത അദ്ദേഹത്തിന്റെ പേരമക്കളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും സ്വാതന്ത്ര്യ ലബ്ധിക്ക് മുന്‍പ് തന്നെ സ്ഥാപിക്കപ്പെട്ട ഈ വിദ്യാഭ്യാസ സ്ഥാപനം നിലനിര്‍ത്തുക വഴി അതൊരു ചരിത്രസ്മാരക നിര്‍മ്മിതിക്ക് തുല്യമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അഭിപ്രായപ്പെട്ടു. സ്‌കൂള്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മുറക്ക് തന്റെ എം.പി. ഫണ്ടില്‍ നിന്ന് സ്‌കൂള്‍ ബസ് അനുവദിക്കുമെന്ന എം.പിയുടെ പ്രഖ്യാപനം കയ്യടികളോടെ സദസ്സ് സ്വാഗതം ചെയ്തു.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക മേരി മാര്‍ഗരറ്റ് സ്വാഗതം പറഞ്ഞു. സ്‌കൂള്‍ സപ്പോര്‍ട്ടിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ കല്ലട്ര സ്‌കൂളിന്റെ പിന്നിട്ട നാള്‍ വഴികള്‍ വിശദീകരിച്ചു. സ്‌കൂളിന്റെ സ്ഥലം സര്‍ക്കാരിലേക്ക് നല്‍കിക്കൊണ്ടുള്ള രേഖകള്‍ കടവത്ത് അഹമ്മദ് ഹാജിയുടെ പേരമകന്‍ റഫീഖ് അഹമ്മദ് കടവത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കൈമാറി. കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് ജില്ലാ ട്രഷററുമായ കല്ലട്ര മാഹിന്‍ ഹാജി, ജില്ലാ പഞ്ചായത് അംഗം ഗീത കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത് അംഗം ബദറുല്‍ മുനീര്‍, വാര്‍ഡ് മെമ്പര്‍മാരായ അബ്ദുല്‍ കലാം സഹദുള്ള, അഹമ്മദ് കല്ലട്ര, കുമാരന്‍ മഠത്തില്‍, കുഞ്ഞിരാമന്‍ തെരുവത്ത്, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മദര്‍ പി.ടി.എ. പ്രസിഡണ്ട് റുബീന, മുന്‍ പ്രധാനാധ്യാപകന്‍ കൃഷ്ണന്‍ മാസ്റ്റര്‍, അറബി അധ്യാപകന്‍ ഒ.എം അബ്ദുല്ല മാസ്റ്റര്‍ സംസാരിച്ചു. സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് അബൂബക്കര്‍ കീഴൂര്‍ നന്ദി പറഞ്ഞു.