സ്വര്‍ണ്ണവില പിടിതരാതെ കുതിച്ചുയരുന്നു; പവന് 44,240
പവന് ഒറ്റ ദിവസം കൂടിയത് 1200 രൂപ
കൊച്ചി: സ്വര്‍ണ്ണവില പിടിതരാതെ കുതിച്ചുയരുന്നു. ഒരൊറ്റ ദിവസം കൊണ്ട് പവന് കൂടിയത് 1200 രൂപ ! ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് (43,040) ഇന്നലെ തന്നെ എത്തിയിരുന്നു. തൊട്ട് പിന്നാലെയാണ് 1200 രൂപ കൂടി സ്വര്‍ണ്ണവില പവന് ഇന്ന് 44,240 രൂപയായി വര്‍ധിച്ചത്.
ഒരൊറ്റ ദിവസം കൊണ്ട് ഇത്രയും വില കൂടുന്നതും ചരിത്രം. ഗ്രാമിന് 150 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ ഒരു ഗ്രാമിന്റെ വില 5,380 രൂപ ആയിരുന്നുവെങ്കില്‍ ഇന്നത് 5,530 രൂപയായി.
ഫെബ്രുവരി 2ന് രേഖപ്പെടുത്തിയ പവന് 42,880 രൂപ എന്ന റക്കോര്‍ഡ് ഇന്നലെ ഭേദിച്ചിരുന്നു. എന്നാല്‍ ഇന്ന് നേരം വെളുക്കുമ്പോഴേക്കും ഒറ്റയടിക്ക് പവന് 1200 രൂപ കൂടി വര്‍ധിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തി.
സ്വര്‍ണ്ണവില 44,000 രൂപ കടന്നതോടെ ഒരു പവന്‍ സ്വര്‍ണ്ണാഭരണം വാങ്ങുന്നവര്‍ കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും 3 ശതമാനം ജി.എസ്.ടിയും ചേര്‍ത്ത് 48,000 രൂപയോളമെങ്കിലും നല്‍കേണ്ടി വരും.
അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും സ്വിസ് ബാങ്ക് തകര്‍ച്ച എന്ന വാര്‍ത്തകളും സ്വര്‍ണ്ണവില ഉയരാന്‍ കാരണമായി.