എയിംസ് ജനകീയ കൂട്ടായ്മയുടെ സമരം ഇനി സെക്രട്ടേറിയറ്റ് പടിക്കലേക്ക്
കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ പ്രൊപ്പോസലില്‍ ജില്ലയുടെ പേരും ചേര്‍ക്കണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ നടത്തി വരുന്ന സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്നായിട്ടും കാസര്‍കോടിന്റെ പേര് ഉള്‍പെടുത്താതില്‍ പ്രതിഷേധിച്ചാണ് സമരം പുതിയ വേദിയിലേക്ക് മാറ്റുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ നടന്ന നാട്ടില്‍ ഇപ്പോഴും അതാവര്‍ത്തിക്കുമ്പോള്‍ പഠനവും ഗവേഷണവും നടത്താന്‍ ശേഷിയുള്ള എയിംസ് അനുവദിക്കാനുള്ള ബാധ്യത കേരള- കേന്ദ്ര സര്‍ക്കാറുകള്‍ക്കാണെന്നത് മറന്നുപോകരുത്. ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ട് രണ്ട് പതിറ്റാണ്ട് കഴിയുമ്പോഴും ജനിതക വൈകല്യങ്ങളോടെ കുഞ്ഞുങ്ങള്‍ ജനിക്കുകയും അകാലത്തില്‍ പൊലിഞ്ഞു പോവുകയും ചെയ്യുന്ന ദുരവസ്ഥയെ തിരിച്ചറിയാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കേന്ദ്രം തരുമ്പോള്‍ ചോദിക്കാമെന്ന് പ്രസ്താവിച്ച് കൊണ്ടിരിക്കുന്ന ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും അവരുടെ നിശബ്ദത ഉപേക്ഷിച്ച് കാസര്‍കോട്ടുകാര്‍ക്കായി ശബ്ദിക്കണം.
സെക്രട്ടറിയേറ്റ് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരാഹാര സമരം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. മുന്നോടിയായി നട്ടുച്ചയ്ക്ക് തീപ്പന്തമേന്തിയുള്ള സമരപരിപാടികളടക്കം ജില്ലയ്ക്കകത്ത് നടത്തും. പത്രസമ്മേളനത്തില്‍ ഗണേശന്‍ അരമങ്ങാനം, ഫറീന കോട്ടപ്പുറം, താജുദ്ദീന്‍ പടിഞ്ഞാര്‍, സുബൈര്‍ പടുപ്പ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സംബന്ധിച്ചു.