For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ചാലിങ്കാല്‍ നമ്പ്യാരടുക്കത്ത് യുവാവിനെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍  പ്രതിയെന്ന് സംശയിക്കുന്ന സഹോദരീഭര്‍ത്താവ് മുങ്ങി  അന്വേഷണം ശക്തമാക്കി പൊലീസ്

ചാലിങ്കാല്‍ നമ്പ്യാരടുക്കത്ത് യുവാവിനെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍; പ്രതിയെന്ന് സംശയിക്കുന്ന സഹോദരീഭര്‍ത്താവ് മുങ്ങി; അന്വേഷണം ശക്തമാക്കി പൊലീസ്

04:49 PM Aug 01, 2022 IST | UD Desk
Advertisement

കാഞ്ഞങ്ങാട്: യുവാവിനെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന സഹോദരി ഭര്‍ത്താവിനെ കാണാതായി. ചാലിങ്കാല്‍ രാവണേശ്വരം റോഡിലെ നമ്പ്യാരടുക്കം കമ്മുട്ടില്‍ സുശീലാ ഗോപാലന്‍ നഗറിലാണ് സംഭവം. നിര്‍മ്മാണത്തൊഴിലാളി നീലകണ്ഠന്‍ (36)ആണ് മരിച്ചത്. നീലകണ്ഠന്റെ സഹോദരി സുശീലയുടെ ഭര്‍ത്താവും ബംഗളൂരു സ്വദേശിയുമായ ഗണേശനെയാണ് കാണാതായത്. ഞായറാഴ്ച രാത്രി വരെ ഗണേശന്‍ വീട്ടില്‍ ഉണ്ടായിരുന്നു. നീലകണ്ഠന്റെ സഹോദരി ലീലാവതിയുടെ മകന്‍ അഭിജിത്ത് ഇന്നലെ രാത്രി എട്ടരയക്ക് ഭക്ഷണവുമായി എത്തിയിരുന്നു. ഇന്ന് രാവിലെ അഭിജിത്ത് ചായയുമായി എത്തിയപ്പോള്‍ വീട് പുറത്തുനിന്നും താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. സമീപത്ത് സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്തു തുറന്നപ്പോഴാണ് നീലകണ്ഠനെ മരിച്ച നിലയില്‍ കണ്ടത്.
രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഗണേശനാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. നീലകണ്ഠന്റെ ഭാര്യയും കുഞ്ഞും ഒരാഴ്ച മുമ്പാണ് സ്വദേശമായ ബംഗളൂരുവിലേക്ക് പോയത്. ഗണേശന്റെ ഭാര്യ സുശീലയും ബംഗളൂരുവിലാണുള്ളത്. ഗണേശനും നീലകണ്ഠനും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. എന്നാല്‍ കൊലക്കുള്ള കാരണം വ്യക്തമല്ല.
ഗണേശനും നിര്‍മ്മാണ തൊഴിലാളിയാണ്. ഇരുവരും കേളോത്തെ ഒരു വീടിന്റെ നിര്‍മ്മാണ ജോലി ചെയ്ത് വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂലിത്തര്‍ക്കമുള്ളതായി സംശയിക്കുന്നു. ഇതെ ചൊല്ലി വാക്കേറ്റം നടന്നതായും വിവരമുണ്ട്.
പരേതരായ പൊന്നപ്പന്‍-കമലാവതി ദമ്പതികളുടെ മകനാണ് നീലകണ്ഠന്‍. ഭാര്യ: ആശ. മകള്‍: ആത്മിക (രണ്ടര). സഹോദരങ്ങള്‍: സുശീല, ലീലാവതി, പരേതരായ രമണി, മംഗള, സുബ്രഹ്‌മണ്യന്‍.
കൊലപാതക വിവരമറിഞ്ഞ് ബേക്കല്‍ ഡി.വൈ.എസ്.പി സി. കെ സുനില്‍ കുമാര്‍, അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ വി. മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസ് പരിശോധനയില്‍ ഒരു കൊടുവാള്‍ കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധനയ്‌ക്കെത്തി.

Advertisement
Advertisement