For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഇത് നീതിക്കായുള്ള പോരാട്ടം

ഇത് നീതിക്കായുള്ള പോരാട്ടം

07:22 PM Feb 05, 2022 IST | UD Desk
Advertisement

നമ്മുടെ നാട്ടിലെ ആരോഗ്യരംഗം നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതിനും കേട്ടുകൊണ്ടിരിക്കുന്നതിനുമെല്ലാം അപ്പുറം പരിതാപകരമായ അവസ്ഥയിലാണ്. കോവിഡ് മഹാമാരി വിതച്ചപ്പോള്‍ അയല്‍പക്കത്തേക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഓടിയപ്പോള്‍, അതിര്‍ത്തി കൊട്ടിയടച്ചപ്പോള്‍ എത്ര ജീവനുകളാണ് പൊലിഞ്ഞത്. അന്നായിരുന്നു പലര്‍ക്കും ഇവിടെ ആധുനിക രീതിയിലുള്ള ആതുരാലയം വേണമെന്ന ബോധം പോലും ഉണ്ടായത്. ഒരു തലവേദന വന്നാല്‍ മംഗളൂരുവിലെ സ്‌പെഷ്യാലിറ്റി ആസ്പത്രിയിലേക്ക് പണമുള്ളവര്‍ ഓടുന്നു. ഇവിടുത്തെ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ കയ്യൊഴിയുന്നതോടെ സാധാരണക്കാരന് പോലും അയല്‍പക്കം ആശ്രയിക്കേണ്ടി വരുന്നു. നമുക്ക് നല്ലൊരു മെഡിക്കല്‍ കോളേജ് അനുവദിച്ച് തന്നു, പക്ഷേ എന്ത് ഫലം? വളര്‍ച്ച മുരടിപ്പില്‍ തന്നെ. ഇവിടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രികള്‍ വരാന്‍ തുടങ്ങുകയാണ്. പക്ഷേ അതില്‍ എത്ര പേര്‍ക്ക്, എത്ര സാധാരണക്കാര്‍ക്ക് പോകാന്‍ കഴിയും. അങ്ങനെയാണ് എയിംസ് (ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) വേണം കാസര്‍കോടിന് എന്ന ആവശ്യവുമായി എയിംസ് ബഹുജന കൂട്ടായ്മ രംഗത്ത് വരുന്നത്. 2022 ജനുവരി 13ന് പുതിയ ബസ്സ്റ്റാന്റിന് സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ നിരാഹാരം അനുഷ്ടിച്ച് വരികയാണ്. ചൂടും തണുപ്പും പൊടിയും വകവെക്കാതെ ജാതി-മത-രാഷ്ട്രീയ വേര്‍തിരിവില്ലാതെ റിലേ നിരാഹാരം അനുഷ്ടിച്ച് വരികയാണ് പലരും. അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, സ്വയം നിരാഹാരമനുഷ്ടിക്കാന്‍ എത്തുന്ന യുവാക്കള്‍, വനിതകള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി വീടിന്റെ നാല് ചുമരുകള്‍ക്കിടയില്‍ കിടന്ന് മരണം കാത്തിരിക്കുന്ന കുട്ടികളുടെ അമ്മമാര്‍… അങ്ങനെ നിരവധി പേര്‍. സമരപന്തലില്‍ എം.പി.യും എം.എല്‍.എ.മാരും എത്തി സമരത്തിന് പിന്തുണ അറിയിച്ചപ്പോള്‍ ചിലര്‍ മാറി നില്‍ക്കുന്ന ചിത്രവും കാണാനിടയായി. രാവിലെ പത്തിന് തുടങ്ങുന്ന നിരാഹാര സമരം വൈകീട്ട് അഞ്ചിന് അവസാനിക്കുന്നു. പിറ്റേന്നും തുടരുന്നു. ഈ സമരപന്തലില്‍ ചിലര്‍ എത്തി നോക്കാത്തതില്‍ സങ്കടമില്ലെന്ന് എയിംസ് ബഹുജന കൂട്ടായ്മയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളവും ഭാരവാഹികളായ ഫറീന കോട്ടപ്പുറവും അമ്പലത്തറ കുഞ്ഞികൃഷ്ണനും ഗണേശ് അരമങ്ങാനവും കെ.ജി.സജിയും സിസ്റ്റര്‍ ജയാ ആന്റോ മംഗലത്തും മറ്റു പ്രവര്‍ത്തകരും പറയുന്നു. ഇവിടെ എയിംസ് വരില്ലെന്ന് പറയുന്നവരോട് ചോദിക്കുന്നു. ഇന്ത്യയിലെ ഝാര്‍ഖണ്ട് സംസ്ഥാനത്ത് എയിംസ് വന്നെങ്കില്‍ എന്തുകൊണ്ട് ആരോഗ്യരംഗത്ത് അവഗണന പേറുന്ന നമ്മുടെ കാസര്‍കോട്ട് വരാന്‍ മടിക്കുന്നത്? നമുക്ക് ഇവിടെ എയിംസ് കൊണ്ടുവരണം. എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ പൊലിഞ്ഞ നിരവധി പൈതങ്ങള്‍ ഉളള കാസര്‍കോട്ട്, ജീവിക്കാന്‍ പറ്റാതെ സാഹചര്യങ്ങള്‍ കൊണ്ട് തളച്ചിടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് ആധുനിക ചികില്‍സ നടത്താനെങ്കിലും എയിംസ് വേണമെന്ന് എന്‍ഡോസള്‍ഫാന്‍ മുന്നണി നേതാക്കളായ മുനിസ അമ്പലത്തറയും കുഞ്ഞികൃഷ്ണന്‍ അമ്പലത്തറയും പറയുന്നു.
നിരാഹാര സമരപന്തല്‍ 14-ാം ദിനത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ച ശേഷം പറഞ്ഞത്:
എയിംസ് കാസര്‍കോടിന് ലഭിക്കാന്‍ ഏതറ്റം വരെ പോകുമെന്നും തിരുവനന്തപുരത്തും ആവശ്യം വന്നാല്‍ ഡല്‍ഹിയിലും നിരാഹാരം കിടക്കുമെന്നും.
നിരാഹാര സമരം 15-ാം ദിനത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യുടെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന്:
ഭരണകക്ഷി എം.എല്‍.എ.മാര്‍ എയിംസ് വേണമെന്ന പഴയ നിലപാടിലേക്ക് തിരിച്ച് വരണം. ഭരണം മാറുമ്പോള്‍ നിലപാട് മാറ്റുന്ന നടപടി തുടര്‍ന്നാല്‍ അത് ജില്ലയുടെ വികസനത്തെ ഗുരുതരമായി ബാധിക്കും. കേരളത്തിലെന്നല്ല രാജ്യത്ത് എവിടെ എയിംസ് അനുവദിക്കുകയാണെങ്കില്‍ പോലും ആദ്യം അനുവദിക്കേണ്ടത് കാസര്‍കോടാണ് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇത്രയും വലിയ ദുരിതം വിതച്ച ജില്ലക്ക് അനുകൂലമായി പ്രൊപോസലില്‍ പേര് നല്‍കാത്തത് വലിയ പ്രതിഷേധമുണ്ട് പോരാട്ടം കടുപ്പിക്കണം.
എല്ലാവര്‍ക്കും ഒരേ സ്വരം പാവങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ലോകപ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാബായ് സമരപന്തലില്‍ നിരാഹാര സമരത്തിന്റെ 21-ാം ദിനത്തില്‍ എത്തിയത് നിരാഹാരമിരിക്കുന്നവര്‍ക്ക് മാത്രമായിരുന്നില്ല. എയിംസ് കാസര്‍കോടിന് വേണമെന്നാവശ്യപ്പെട്ടവര്‍ക്ക് ആവേശമായി.
അവരുടെ വാക്കുകള്‍:
കണ്ണും കാതുമില്ലാത്തവരാണ് നാട് ഭരിക്കുന്നത്. ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണ് ഇവിടെ നടക്കുന്നത്. മനസാക്ഷിയുള്ളവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകളില്‍ പോയി നോക്കണം. പണമില്ലാതെയും ചികിത്സക്ക് മാര്‍ഗമില്ലാതെയും വളരെ പരിതാപകരമായ ജീവിതമാണ് ഇരകള്‍ തള്ളിനീക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ മൂലം മാറാരോഗികളായി മാറിയ കുരുന്നുകള്‍ ജീവിതത്തിനും മരണത്തിനും ഇടയിലാണുള്ളത്. എഴുന്നേറ്റിരിക്കാനോ സ്വന്തമായി ജലപാനം പോലും നടത്താനോ കഴിയാത്ത ദയനീയാവസ്ഥയിലാണ് ഈ കുട്ടികള്‍. മതിയായ ചികിത്സ കിട്ടാതെയാണ് കുമ്പഡാജെ പെരിഞ്ചയിലെ ഹര്‍ഷിത എന്ന ഒന്നരവയസുകാരിയുടെ ജീവന്‍ പൊലിഞ്ഞതെന്നറിയുമ്പോള്‍ മനസാക്ഷിയുള്ള ആരുടെയും ഹൃദയം വേദനിക്കും. കാസര്‍കോട് ജില്ലക്ക് എയിംസ് അത്യാവശ്യമാണ്.
രാഷ്ട്രീയം പറഞ്ഞുനടക്കേണ്ട സമയമല്ലിത്. ഇവിടെ കെ റയിലിന് വേണ്ടി ഉത്സാഹം കാണിക്കുന്നവര്‍ എയിംസിനെ നിരുത്സാഹപ്പെടുത്തുകയാണ്. എന്‍ഡോസള്‍ഫാന്‍ രോഗികളെ ഭിക്ഷാടകരെ പോലെയാണ് അധികാരികള്‍ കാണുന്നത്.
ഇരകള്‍ കാറില്‍ വന്ന് ആനുകൂല്യങ്ങള്‍ വാങ്ങുന്നുവെന്ന് പറഞ്ഞ് ചിലര്‍ പൈങ്കിളിസാഹിത്യം വിളമ്പുകയാണ്. ജനങ്ങളെ ഇത്തരക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നു. മരണം വരെ താന്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം നിലകൊള്ളും.അവര്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍. എന്‍ഡോസള്‍ഫാന്‍ മൂലം മതിയായ ചികില്‍സ കിട്ടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പൊലിഞ്ഞ കുമ്പഡാജെയിലെ ഒന്നരവയസുകാരി ഹര്‍ഷിതയുടെ മൃതദേഹം സമരപ്പന്തലിലെത്തിച്ചപ്പോള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു ദയാബായി.
‘ഈ കുഞ്ഞിന്റെ ജീവനില്ലാത്ത ശരീരം കാണുമ്പോള്‍ എന്റെ ഹൃദയം നുറുങ്ങുകയാണ്. ലോകം എന്താണെന്ന് അറിയുന്നതിന് മുമ്പ് തന്നെ പൊലിഞ്ഞുപോയ കുരുന്നുജീവന്‍ അധികാരികള്‍ കരുണ കാണിച്ചിരുന്നെങ്കില്‍ ഇപ്പോഴും നമുക്കൊപ്പം ഉണ്ടാകുമായിരുന്നു. ഹര്‍ഷിത എന്‍ഡോസള്‍ഫാന്‍ ഇരകളുടെ രക്തസാക്ഷിപട്ടികയിലാണ് ഇടംപിടിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ എത്ര പിഞ്ചുമക്കളാണ് മതിയായ ചികിത്സ കിട്ടാതെ മരിച്ചുപോകുന്നത്. എന്നിട്ടും മനസാക്ഷി കാണിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല-‘ അതിയായ സങ്കടത്തിനിടയിലും രോഷത്തോടെ പ്രതികരിക്കുകയായിരുന്നു.
പിഞ്ചുകുഞ്ഞിന്റെ മൃതശരീരവും ദയാബായിയുടെ വേദന നിറഞ്ഞ വാക്കുകളും കൂടി നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. സമരപ്പന്തലില്‍ മൃതദേഹം കുറച്ചുസമയം പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് സംസ്‌ക്കരിക്കാന്‍ നാട്ടിലേക്ക് കൊണ്ടുപോയത്.
സമരം കൂടുതല്‍ ശക്തമാക്കുകയാണ്. കേരളം കേന്ദ്രത്തിന് ഉടനെ വീണ്ടും പ്രൊപോസല്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട്‌കൊണ്ട് ഏഴിന് സമര ഐക്യദാര്‍ഢ്യ ദിനം ജില്ലയിലെ മൂന്നൂറ് കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിക്കുന്നു. വിദ്യാര്‍ത്ഥി, യുവജനത, തൊഴിലാളികള്‍, ജീവനക്കാര്‍, കൂട്ടായ്മകള്‍ തുടങ്ങി സമസ്ത മേഖലകളിലും തൊഴിലിടങ്ങളിലും തെരുവുകളിലും എയിംസിനു വേണ്ടി അണിനിരത്താനാണ് സംഘടനയുടെ തീരുമാനം.
സമരപന്തലിലെ വേറിട്ട ചിത്രങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. കാസര്‍കോടിന്റെ വേദനകളും ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥയുമെല്ലാം വിളിച്ചു പറയുന്ന കാര്‍ട്ടൂണുകള്‍ വരച്ചത് ജില്ലയിലെ ഓടയാഞ്ചാല്‍ വെള്ളമുണ്ട സ്വദേശിയും പ്രവാസിയുമായ പ്രദീപ് കുമാര്‍ വെള്ളമുണ്ടയാണ്.
വര്‍ഷങ്ങളായി എയിംസ് ജനകീയ കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രദീപ് സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയിലുണ്ട്. പ്രവാസിയായതിനാല്‍ പ്രത്യക്ഷ സമരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയാണ് കാര്‍ട്ടൂണുകളിലേക്കും അവ കോര്‍ത്തിണക്കി കൊണ്ടുള്ള സ്റ്റാറ്റസ് സമരമെന്ന ആശയത്തിലേക്കും പ്രദീപിനെ കൊണ്ടെത്തിച്ചത്.
ജോലി കഴിഞ്ഞു കിട്ടുന്ന ചെറിയ സമയം പ്രദീപ് കാര്‍ട്ടൂണുകള്‍ക്കായി മാറ്റിവയ്ക്കുന്നു. അന്‍പതോളം കാര്‍ട്ടൂണുകള്‍ വരച്ചു കഴിഞ്ഞു.

Advertisement
Advertisement