For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കവി ഉബൈദിന്റെ നിഴലായി പ്രവര്‍ത്തിച്ചവരെ ആദരിച്ച് ഉബൈദ് സ്മാരക സാഹിത്യ കലാപഠന കേന്ദ്രം

കവി ഉബൈദിന്റെ നിഴലായി പ്രവര്‍ത്തിച്ചവരെ ആദരിച്ച് ഉബൈദ് സ്മാരക സാഹിത്യ കലാപഠന കേന്ദ്രം

06:37 PM Jun 17, 2022 IST | UD Desk
Advertisement

കാസര്‍കോട്: സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ കവി ടി. ഉബൈദ് മാഷിന്റെ നിഴലായി പ്രവര്‍ത്തിച്ചവരേയും ശിഷ്യന്‍മാരേയും വസതികളില്‍ സന്ദര്‍ശിച്ച് ആദരിച്ച് ടി. ഉബൈദ് സ്മാരക സാഹിത്യ കലാപഠന കേന്ദ്രം.
സംഘടനയുടെ പ്രഥമ പരിപാടിയെന്ന നിലയിലാണ് ആശിര്‍വാദവും ഉപദേശവും തേടി ഉബൈദ് മാഷ് പകര്‍ന്നുനല്‍കിയ വെളിച്ചം തലമുറകളിലേക്ക് പകര്‍ന്ന പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, താജ് അഹമദ്, ഡോ. വി.എം പള്ളിക്കാല്‍ എന്നിവരെ സന്ദര്‍ശിച്ചത്. പ്രസിഡണ്ട് യഹ്‌യ തളങ്കരയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.


ഉബൈദ് മാഷിന്റെ നിഴലായി കെ.എം അഹ്‌മദ് മാഷിന്റെ കൂടെ എന്നും ഒപ്പമുണ്ടായിരുന്ന താജ് അഹ്‌മദിനെ തളങ്കര പള്ളിക്കാലിലെ വീട്ടില്‍ സന്ദര്‍ശിച്ച് യഹ്‌യ തളങ്കര പൊന്നാട അണിയിച്ചു. ഉബൈദ് മാഷില്‍ നിന്ന് കവിതകളും ലേഖനങ്ങളും കേട്ടെഴുതുകയും ചൊല്ലി കേള്‍പ്പിക്കുകയും ചെയ്തിരുന്ന താജ് അഹമദ് ഒരുകാലത്ത് കാസര്‍കോടിന്റെ സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ഉബൈദ് മാഷിന്റെ പേരില്‍ ഒരു പഠനകേന്ദ്രം കാലഘട്ടത്തിന്റെ അനിവാര്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് സന്ദര്‍ശിച്ചു. ‘ഉബൈദിന്റെ കവിതാ ലോകം’ എന്ന ഗ്രന്ഥത്തിലൂടെ ടി. ഉബൈദിന്റെ കവിതകളെ ആധികാരികമായി വിശകലനം ചെയ്ത് അക്ഷരങ്ങളിലാക്കി വായനക്കാര്‍ക്ക് സമ്മാനിക്കുകയും ഉബൈദ് മാഷിന്റെ കാവ്യ ജീവിതത്തിലേക്ക് വാതില്‍ മലര്‍ക്കെ തുറന്നിടുകയും ചെയ്ത പ്രൊഫ. ഇബ്രാഹിം ബേവിഞ്ച മലയാള സാഹിത്യത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകളെ ആദരിച്ച് അദ്ദേഹത്തിന് പൊന്നാടയണിയിച്ചു. മലയാള സാഹിത്യ ശാഖക്ക് വിലപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ സമ്മാനിക്കുകയും രണ്ടു പതിറ്റാണ്ടിലധികം കാലം തുടര്‍ച്ചയായി ചന്ദ്രികവാരാന്തപ്പതിപ്പില്‍ ‘പ്രസക്തി’ എന്ന പേരില്‍ സമകാലീന വിഷയങ്ങള്‍ വിശകലനം ചെയ്ത് എഴുതുകയും കഥകളെ ആസ്പദമാക്കി ‘മാധ്യമ’ ത്തില്‍ നിരന്തരം എഴുതുകയും ചെയ്ത ഇബ്രാഹിം ബേവിഞ്ച എഴുത്തുകാരനും പ്രഭാഷകനും എന്ന നിലയില്‍ നടത്തിയ സംഭാവനകളെ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചവര്‍ എടുത്തുകാട്ടി.

Advertisement

പിന്നീട് ഉബൈദിന്റെ ശിഷ്യനും കവിയുമായ ഡോ. വി.എം പള്ളിക്കാലിനെ വിദ്യാനഗറിലെ മകന്റെ വീട്ടില്‍ സന്ദര്‍ശിച്ച് ഷാള്‍ അണിയിച്ചു. അധ്യാപകന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും ഉബൈദ് മാഷിന്റെ സംഭാവനകളെ അദ്ദേഹം ഓര്‍ത്തെടുത്തു. ഉബൈദ് മാഷിന്റെ തെളിമയാര്‍ന്ന ജീവിതമാണ് പിന്‍തലമുറക്ക് പ്രകാശം പരത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറിന്റെ പിതാവാണ് ഡോ. വി.എം പള്ളിക്കാല്‍.
പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. പി.എസ് ഹമീദ്, കെ.എം അബ്ദുല്‍റഹ്‌മാന്‍, അഷ്‌റഫലി ചേരങ്കൈ, മുജീബ് അഹ്‌മദ്, അഡ്വ. ബി.എഫ് അബ്ദുല്‍റഹ്‌മാന്‍, കരുണ്‍താപ്പ, റഹീം ചൂരി, ഇബ്രാഹിം ബേവിഞ്ചയുടെ മകള്‍ ഷബാന എന്നിവര്‍ സംസാരിച്ചു. വി.എം പള്ളിക്കാലിന്റെ പേരമകന്‍ മര്‍വാന്‍ ശുഹൈബ് ഗാനാലാപനം നടത്തി.

Advertisement