യുടി ഖാദര്‍ കര്‍ണാടക സ്പീക്കര്‍; എതിരില്ലാതെ തിരഞ്ഞെടുത്തു
ബംഗ്ലൂരു: കര്‍ണാടക സ്പീക്കറായി യുടി ഖാദറെ തിരഞ്ഞെടുത്തു. പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിനാല്‍ എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. മംഗളുരുവില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭയില്‍ എത്തുന്നത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ സഭയില്‍ പ്രതിപക്ഷ ഉപനേതാവിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. ഇന്നലെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഖാദര്‍ പത്രിക നല്‍കിയത്. കര്‍ണാടകയില്‍ സ്പീക്കര്‍ പദവിയിലെത്തുന്ന ആദ്യ മുസ്ലിം എന്ന പ്രത്യേകതയും നിയമബിരുദധാരിയായ യു.ടി ഖാദറിനുണ്ട്.
യു.ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറാകുമ്പോള്‍ ഉള്ളാളിനെ പോലെ തന്നെ ഉപ്പളയ്ക്കും അതിയായ ആഹ്ലാദവും അഭിമാനവും. ഖാദറിന്റെ പിതാവ് മുന്‍ ഉള്ളാള്‍ എം.എല്‍.എ കൂടിയായ യു.ടി ഫരീദ് ഉപ്പള തുരുത്തി സ്വദേശിയാണ്. നസീമയാണ് ഉമ്മ. 2007ല്‍ യു.ടി ഫരീദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് യു.ടി ഖാദര്‍ ആദ്യമായി കര്‍ണാടക നിയമസഭയിലെത്തുന്നത്. ഇതേ മണ്ഡലത്തില്‍ നിന്നാണ് (ഇപ്പോള്‍പേര് മാറി മംഗളൂരു) അഞ്ച് തവണ യു.ടി ഖാദര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2013ല്‍ സിദ്ധരാമയ്യ സര്‍ക്കാറിലും 2018ല്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാറിലും മന്ത്രിയായിരുന്നു. കര്‍ണാടകയില്‍ താമസിക്കുമ്പോഴും കേരളവുമായി ഉറ്റബന്ധം സ്ഥാപിക്കുകയും മലയാളി എന്ന് അറിയപ്പെടുന്നതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന യു.ടി ഖാദര്‍ കല്ല്യാണം കഴിച്ചിരിക്കുന്നത് ചട്ടഞ്ചാലിലാണ്. ലാമിസാണ് ഭാര്യ. മകള്‍: ഹവ്വ നസീന.
ഏത് തിരക്കിനിടയിലും അടിക്കടി ഉപ്പളയിലും കാസര്‍കോട്ടും എത്താന്‍ സമയം കണ്ടെത്തുകയും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും എപ്പോഴും ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്ന യു.ടി ഖാദര്‍ കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാറിനെ വീഴ്ത്തി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാറിലെ സ്പീക്കറായി നിയമിതനാവുമ്പോള്‍ മലയാളക്കരയും ഏറെ ആഹ്ലാദത്തിലാണ്.