For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ഡോക്ടറുടെ കൊലപാതകം  കടുത്ത വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി  ഇങ്ങനെയെങ്കില്‍ പ്രതി മജിസ്‌ട്രേറ്റിനേയും അക്രമിക്കുന്ന കാലം വിദൂരമല്ല

ഡോക്ടറുടെ കൊലപാതകം: കടുത്ത വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി; ഇങ്ങനെയെങ്കില്‍ പ്രതി മജിസ്‌ട്രേറ്റിനേയും അക്രമിക്കുന്ന കാലം വിദൂരമല്ല

02:45 PM May 11, 2023 IST | Utharadesam
Advertisement

കൊച്ചി: കൊട്ടാരക്കര താലൂക്കാസ്പത്രിയില്‍ ഡോ. വന്ദനാദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ഇതാണ് സ്ഥിതിയെങ്കില്‍ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമര്‍ശിച്ചു. അലസമായി വിഷയത്തെ സര്‍ക്കാര്‍ കാണരുത്. ഇപ്പോഴത്തേത് സിസ്റ്റമിക് ഫെയിലിയറാണ്. പൊലീസിനെയല്ല കുറ്റം പറയുന്നത്. സംവിധാനത്തിന്റെ പരാജയമാണ്. ഇങ്ങനെയൊന്ന് കേട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു. പ്രതിയുടെ പെരുമാറ്റത്തില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പൊലീസ് തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ എന്തിനാണ് പൊലീസുകാരുടെ കാവലില്ലാതെ ഡോക്ടറുടെ മുന്നിലേക്ക് സന്ദീപീനെ എത്തിച്ചതെന്ന് കോടതി ചോദിച്ചു. നമ്മുടെ സംവിധാനാണ് ഡോ. വന്ദനയുടെ ജീവന്‍ നഷ്ടപ്പെടുത്തിയത്, ഇതേ സംവിധാനം തന്നെയാണ് ഡോക്ടറുടെ മാതാപിതാക്കളെ തീരാദുഖത്തിലാഴ്ത്തിയതെന്നും കോടതി പരാമര്‍ശിച്ചു. സംഭവങ്ങള്‍ ഉണ്ടായത് എങ്ങനെ എന്നത് സംബന്ധിച്ച് എ.ഡി.ജി.പി അജിത്കുമാര്‍ ഓണ്‍ലൈനായി വീഡിയോ പ്രസന്റേഷനിലൂടെ കോടതിയെ കാണിച്ചു. ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. ആസ്പത്രിയില്‍ ഏതാണ്ട് നാലുമിനിറ്റുകൊണ്ടാണ് എല്ലാ സംഭവങ്ങളും ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരാഴ്ചക്കുള്ളില്‍ പുതിയ പ്രോട്ടോകോള്‍ ഉണ്ടാക്കുമെന്ന് പൊലീസ് അറിയിച്ചു. ആസ്പത്രിയില്‍ ഉള്‍പ്പെടെ പൊലീസ് സേവനം ഉറപ്പാക്കുമെന്നും എ.ഡി.ജി.പി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ ഇന്നും സമരത്തിലല്ലേ എന്ന് കോടതി ചോദിച്ചു. എത്രയോ ആളുകളാണ് ചികിത്സക്കായി കാത്തുനില്‍ക്കുന്നത്. ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ എന്ത് ചെയ്യും. ഇപ്പോഴത്തേത് സമരമല്ലെന്നും ഡോക്ടര്‍മാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു. ഡോക്ടര്‍മാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ഭയത്തില്‍ നിന്നാണ് സമരം നടത്തുന്നത്. എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക. വിഷയം ആളിക്കത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം-ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Advertisement
Advertisement