വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹമരണം; ഭര്‍ത്താവ് നീലേശ്വരം സ്വദേശി മെഹ്‌നാസ് പോക്സോ കേസില്‍ അറസ്റ്റില്‍; റിഫയെ വിവാഹം ചെയ്തത് പ്രായപൂര്‍ത്തിയാകും മുമ്പെ
കോഴിക്കോട്: വ്‌ളോഗര്‍ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നുവിനെ ദുരൂഹസാഹചര്യത്തില്‍ ദുബായില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭര്‍ത്താവ് നീലേശ്വരം സ്വദേശി മെഹ്‌നാസ് പോക്സോ കേസില്‍ അറസ്റ്റിലായി. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മെഹ്നാസിനെതിരെ ആത്മഹത്യാപ്രേരണക്ക് പുറമെ പോക്സോ വകുപ്പ് കൂടി ചുമത്തിയത്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് റാഷിദ് നേരത്തെ കോഴിക്കോട് എസ്.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത മെഹ്നാസിനെ താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
മാര്‍ച്ച് ഒന്നിനാണ് ദുബായിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ ഭര്‍ത്താവ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.