For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
ബി ജെ പിക്ക് വോട്ടുവാഗ്ദാനം  പാംപ്ലാനിയുടെ പ്രസ്താവന നേതാക്കളെ കണ്ടതിന് തൊട്ടുപിന്നാലെ

ബി.ജെ.പിക്ക് വോട്ടുവാഗ്ദാനം: പാംപ്ലാനിയുടെ പ്രസ്താവന നേതാക്കളെ കണ്ടതിന് തൊട്ടുപിന്നാലെ

02:06 PM Mar 20, 2023 IST | Utharadesam
Advertisement

കണ്ണൂര്‍: റബര്‍ താങ്ങുവില 300 രൂപയാക്കിയാല്‍ ബി.ജെ.പിക്ക് വോട്ടുതരാമെന്നും കേരളത്തില്‍ നിന്ന് ബി.ജെ.പി എം.പിയെ വിജയിപ്പിക്കാമെന്നുമുള്ള തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ബി.ജെ.പി നേതാക്കള്‍ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണെന്ന് വ്യക്തമായി. ചൊവ്വാഴ്ച ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ തോമസ്, ജനറല്‍ സെക്രട്ടറി ജോസ് എ. വണ്‍, ലൂയിസ് എന്നീ നേതാക്കള്‍ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലൗ ജിഹാദ് പോലുള്ള സാമൂഹ്യ പ്രശ്‌നങ്ങളില്‍ ന്യൂനപക്ഷ മോര്‍ച്ച നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടതായി ബി.ജെ.പി നേതാക്കള്‍ പറയുകയുമുണ്ടായി. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്നലെ കര്‍ഷക റാലിയില്‍ സംസാരിക്കവെ ബി.ജെ.പിക്ക് വോട്ട് വാഗ്ദാനം ചെയ്തുള്ള പരാമര്‍ശം പാംപ്ലാനിയുടെ ഭാഗത്ത് നിന്നുണ്ടായത്.
അതേസമയം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടാണ് പറയേണ്ടതെന്നും കര്‍ഷക യോഗത്തില്‍ ബി.ജെ.പിക്ക് വോട്ടുവാഗ്ദാനം ചെയ്ത് നടത്തിയ പ്രസ്താവനയില്‍ ഖേദമില്ലെന്നും തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഇന്ന് ആവര്‍ത്തിച്ചു.
പ്രസ്താവനയുടെ ഉദ്ദേശം ഉടനെ ബി.ജെ.പി എം.പി ഉണ്ടാകുമെന്നല്ല. കര്‍ഷകരുടെ നിലവിലെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. പ്രസ്താവന തെറ്റായി തോന്നുന്നില്ല. കര്‍ഷകരുടെ ശബ്ദമായാണ് ആ വിഷയം ഞാന്‍ അവതരിപ്പിച്ചത്. അതിനെ ക്രൈസ്തവരും ബി.ജെ.പിയും തമ്മില്‍ അലയന്‍സായെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നു. സംസാരിക്കുന്നത് സഭയുടെ പ്രതിനിധിയായല്ല, കര്‍ഷകരിലൊരാളായാണ്-പാംപ്ലാനി പറഞ്ഞു.

Advertisement
Advertisement