For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കര്‍ണാടകയില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍ എസ് എസിനെയും ബജ്‌റംഗ്ദളിനെയും നിരോധിക്കും മന്ത്രിപ്രിയങ്ക് ഖാര്‍ഗെ

കര്‍ണാടകയില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍.എസ്.എസിനെയും ബജ്‌റംഗ്ദളിനെയും നിരോധിക്കും-മന്ത്രിപ്രിയങ്ക് ഖാര്‍ഗെ

01:40 PM May 25, 2023 IST | Utharadesam
Advertisement

ബംഗളൂരു: കര്‍ണാടകയില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍.എസ്.എസിനെയും ബജ്‌റംഗ്ദളിനെയും സര്‍ക്കാര്‍ നിരോധിക്കുമെന്നും ബി.ജെ.പി നേതൃത്വത്തിന് അത് അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ അവര്‍ക്ക് പാക്കിസ്താനിലേക്ക് പോകാമെന്നും കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ.
കര്‍ണാടകയെ സ്വര്‍ഗമാക്കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സമാധാനം തകര്‍ന്നാല്‍ അത് ബജ്‌റംഗ്ദളാണോ ആര്‍എസ്എസാണോ എന്ന് പോലും പരിഗണിക്കില്ല. നിയമം കൈയിലെടുക്കുമ്പോഴെല്ലാം നിരോധനം ഏര്‍പ്പെടുത്തും. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനമനുസരിച്ച്, ബജ്റംഗ്ദളും ആര്‍.എസ്.എസും ഉള്‍പ്പെടെയുള്ള ഏതൊരു സംഘടനയെയും നിരോധിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
ഹിജാബ് നിരോധനം, ഹലാല്‍ കട്ട്, ഗോവധ നിയമങ്ങള്‍ എന്നിവ സര്‍ക്കാര്‍ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ നിയമത്തെയും പൊലീസിനെയും ഭയപ്പെടാതെ ചില സംഘങ്ങള്‍ സ്വതന്ത്രമായി വിഹരിക്കുന്നു. മൂന്ന് വര്‍ഷമായി ഈ പ്രവണത തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എന്തിനാണ് തങ്ങളെ ജനങ്ങള്‍ പ്രതിപക്ഷത്തിരിക്കുന്നതെന്ന് ബിജെപി മനസ്സിലാക്കണം. കാവിവല്‍ക്കരണം തെറ്റാണെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും പിന്തുടരാവുന്ന ബസവണ്ണയുടെ തത്വങ്ങളാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനാണ് പ്രിയങ്ക് ഖാര്‍ഗെ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദിക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

Advertisement
Advertisement