For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
കാരുണ്യത്തിന് കാത്തുനില്‍ക്കാതെ മഞ്ജുനാഥ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

കാരുണ്യത്തിന് കാത്തുനില്‍ക്കാതെ മഞ്ജുനാഥ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

03:26 PM May 23, 2023 IST | Utharadesam
Advertisement

ബദിയടുക്ക: ആരുടെയും സഹായത്തിനും കാരുണ്യത്തിനും കാത്തുനില്‍ക്കാതെ മഞ്ജുനാഥ വേദനയില്ലാത്ത ലോകത്തിലേക്ക് യാത്രയായി. പള്ളത്തടുക്ക വളക്കുഞ്ചയിലെ ജനാര്‍ദ്ദന-രേവതി ദമ്പതികളുടെ മകന്‍ മഞ്ജു എന്ന മഞ്ജുനാഥ(23) ഇരുവൃക്കകളും തകര്‍ന്നതിനെ തുടര്‍ന്ന് മാസങ്ങളോളമായി വേദനയനുഭവിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. മഞ്ജുനാഥയുടെ സഹോദരി ശ്രീജയും ഇരുവൃക്കകളും തകര്‍ന്ന് ചികിത്സയിലാണ്.
രണ്ടുപേരുടെയും ചികിത്സക്കായി നാട്ടുകാര്‍ ഫണ്ട് സ്വരൂപിച്ചിരുന്നു. നവമാധ്യമങ്ങളുടെ സഹായത്തോടെയാണ് ചികിത്സക്ക് പണം സ്വരൂപിച്ചത്. ഇരുവരെയും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ കൊണ്ടുപോയാണ് ചികിത്സ നടത്തിയത്. ജൂലൈ ആദ്യവാരം മഞ്ജുനാഥയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കേണ്ടതായിരുന്നു. ഇതിനുള്ള ഉടമ്പടി പത്രത്തില്‍ ഒപ്പുവെക്കാന്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. മഞ്ജുനാഥയെ എറണാകുളം ആസ്പത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെ അസുഖം മൂര്‍ഛിച്ച് മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നിലയില്‍ മാറ്റമില്ലാതിരുന്നതിനാല്‍ ഡിസ്ചാര്‍ജ് ചെയ്ത് ഇന്നലെ രാത്രി ഏഴുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശ്രീജ ഗുരുതരനിലയില്‍ ഇപ്പോഴും എറണാകുളത്തെ ആസ്പത്രിയില്‍ ചികില്‍സയിലാണ്. മഞ്ജുനാഥയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. മഞ്ജുനാഥയുടെ ജീവന്‍ രക്ഷിക്കാനായി ബസ് ജീവനക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും കാരുണ്യയാത്ര നടത്തിയിരുന്നു. കുടുംബശ്രീപ്രവര്‍ത്തകരും നാട്ടുകാരും ധനസമാഹരണം നടത്തിയിരുന്നു.
ഏകദേശം 50 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതിനിടെയാണ് മഞ്ജുനാഥയെ മരണം തട്ടിയെടുത്തത്.

Advertisement
Advertisement