For the best experience, open
https://m.utharadesam.com
on your mobile browser.
Advertisement
യുവതിയുടെ കൊല  ഞെട്ടല്‍ മാറാതെ കാഞ്ഞങ്ങാട്

യുവതിയുടെ കൊല: ഞെട്ടല്‍ മാറാതെ കാഞ്ഞങ്ങാട്

04:49 PM May 17, 2023 IST | Utharadesam
Advertisement

കാഞ്ഞങ്ങാട്: ലോഡ്ജ് മുറിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ കാഞ്ഞങ്ങാട് നഗരം. ഉദുമ ബാര മുക്കുന്നോത്തെ ബാലകൃഷ്ണന്റെയും പ്രേമയുടേയും മകളും ബ്യൂട്ടീഷ്യയുമായ ദേവിക(36)യാണ് അരും കൊലയ്ക്കിരയായത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നിന്നും മീറ്ററുകള്‍ മാത്രം അകലെയുള്ള ലോഡ്ജ് മുറിയിലാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ ക്രൂരകൃത്യം നടന്നത്. സംഭവത്തില്‍ ദേവികയുടെ സുഹൃത്തും ബോവിക്കാനം സ്വദേശിയും കാഞ്ഞങ്ങാട്ടെ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനം നടത്തിപ്പുകാരനുമായ സതീഷ് ഭാസ്‌കരന്‍ (34) പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
സതീഷ് ഭാസ്‌കരനും ദേവികയും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. ഈ അടുപ്പം ഇരുവരുടെയും കുടുംബ ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയിക്കുന്നു. പ്രശ്‌നം പൊലീസ് സ്റ്റേഷനില്‍ വരെ എത്തിയിരുന്നു. മേല്‍പ്പറമ്പ് പൊലീസിലാണ് പ്രശ്‌നമെത്തിയത്. എന്നാല്‍ കേസൊന്നും ഉണ്ടായിരുന്നില്ല. താന്‍ മരിച്ചാല്‍ സതീഷാണ് ഉത്തരവാദിയെന്ന് കാട്ടിയാണ് ദേവിക നേരത്തെ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് കേസെടുക്കരുതെന്നും ഒപ്പിട്ട് നല്‍കിയിരുന്നു.
വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം സതീഷ് ഒന്നരമാസമായി ലോഡ്ജിലാണ് താമസിക്കുന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നം പൊലീസിലെത്തിയിട്ടും രണ്ടാഴ്ച മുമ്പ് ദേവിക ഹോട്ടല്‍ മുറിയില്‍ എത്തിയിരുന്നതായി സംശയമുണ്ട്. മറ്റൊരു സ്ത്രീയുടെ കൂടെയാണ് വന്നതെന്നും ഇതില്‍ ഒരാള്‍ ദേവിക തന്നെയാണെന്നാണ് സംശയമെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. വിവാഹ വാര്‍ഷികമെന്ന് പറഞ്ഞ് മുറിയില്‍ വെച്ച് കേക്ക് മുറിച്ചു സന്തോഷത്തോടെയാണ് ഇറങ്ങിപ്പോയതെന്നും ജീവനക്കാര്‍ പറയുന്നു. ദേവിക സതീശന്റെ ഭാര്യയാണന്നാണ് ജീവനക്കാര്‍ കരുതിയിരുന്നത്. അന്ന് ദേവികയെ വക വരുത്താനായി വിളിച്ചു വരുത്തിതാണോയെന്നും സംശയമുണ്ട്. കൂടെ മറ്റൊരാളുള്ളത് കൃത്യം നിര്‍വഹിക്കുന്നതിന് തടസമായതിനാലാണോ ഇന്നലെ വിളിച്ച് കൊണ്ടു പോയതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സ്മൃതി മണ്ഡപം റോഡിന് സമീപത്ത് നിന്നും ഇന്നലെ 11 മണിയോടെ ദേവികയെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയാണ് കൊല നടത്തിയത്. ബ്യൂട്ടിഷ്യയായ ദേവിക സംഘടനാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇവിടെ നിന്ന് ദേവികയെ നിര്‍ബന്ധിച്ച് കൊണ്ടു പോകുന്നത് കണ്ടവരുണ്ട്. പിന്നീട് കൊലപാതകവിവരം പുറത്തു വന്നതോടെയാണ് ദൃക്‌സാക്ഷികള്‍ക്ക് സംഭവത്തിന്റെ ഗൗരവം ബോധ്യമായത്. വിവരമറിഞ്ഞ് സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി.
ചെറുപുഴ സ്വദേശി രാജേഷാണ് ദേവികയുടെ ഭര്‍ത്താവ്. സഹോദരന്‍: ദിലീപ്. അറസ്റ്റിലായ സതീഷും വിവാഹിതനാണ്.

Advertisement
Advertisement